Tuesday, August 17, 2010

ബൂലോകരെ പറ്റിക്കാനുള്ള എളുപ്പ വഴികള്‍ : - യഥാര്‍ത്ഥ അന്വേഷണ പരമ്പര


(പബ്ലിഷര്‍ എന്ന ചതിക്കുഴികളില്‍ വീഴാതെ സൂക്ഷിക്കേണ്ടത് നമ്മളാണ്)
--------------
ഞാന്‍ പപ്പു പിള്ള..
കരയോഗം പ്രസിഡന്‍റാണ്. ഈയിടെയായി കരയില്‍ ചില നാട്ടു മുരിക്കുകള്‍ കാട്ട് മുരിക്കുകളുമായി ചങ്ങാത്തം കൂടുന്നുവെന്നും അത് അരുതാത്ത ബന്ധങ്ങളിലെക്കും അവിശുദ്ധമായ കുട്ടുകെട്ടിലേക്കും അവസാനം ആത്മഹത്യയിലേക്കും നയിക്കുന്നതായി കരയോഗത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 
എല്ലാവര്‍ക്കുമറിയാവുന്നതു പോലെ ഈ കരയില്‍ കവിത എഴുതുന്നവരാണ് ഏറ്റവും കൂടുതല്‍ അതു കൊണ്ടെന്താ.. കാട്ടുമുരിക്കുകള്‍ ചങ്ങാത്തം കൂടുന്നത് കൂടുതലും അവരോട് തന്നെ. വൈദേശികമായ ഇത്തരം കടന്നു കയറ്റങ്ങള്‍ ഒരു പരിധിവരെ ‘കൊടുക്കല്‍ - വാങ്ങല്‍ പ്രക്രീയയില്‍ നടക്കുമെന്നത് സ്വാഭാവികം തന്നെ. എന്നാല്‍ ബന്ധങ്ങള്‍ അവിശുദ്ധമാകുമ്പോള്‍ മൂക്ക് കയറിടേണ്ടത് കരയോഗം പ്രസിഡന്‍റ് എന്ന നിലയില്‍ എന്റെയും കരയോഗത്തിന്റെയും ഉത്തരവാദിത്തമാണ്. ഇനി കാര്യത്തിലേക്ക് കടക്കാം.

മലയാള ബൂലോകം എന്ന അതിസുന്ദരമെന്ന് തോന്നുന്ന പുതിയ മീഡിയ നിലവില്‍ വരികയും അതില്‍ കഥ, കവിത എഴുത്തുകാരുടെ എണ്ണം നാള്‍ക്ക് നാള്‍ പെരുകി വരുന്നത് കണ്ട് സന്തോഷിച്ചത് മറ്റാരുമായിരുന്നില്ല.  പുസ്തക പ്രസാധനം വഴി പുത്തന്‍ ചക്രമുണ്ടാക്കാം എന്ന് ചിന്തിച്ച് അവസരം നോക്കി കഴിയുന്നവര്‍ തന്നെ ആയിരുന്നു.

ഒരു കണക്കെടുത്ത് പരിശോധിച്ചാല്‍ പപ്പു പിള്ളയ്ക്ക് ബോധ്യമായത് ഏകദേശം പത്തോളം പുസ്തകങ്ങള്‍ ബൂലോകത്തില്‍ നിന്നും പ്രസിദ്ധീകൃതമായിട്ടുണ്ട് പുസ്തക രൂപത്തില്‍. എന്നാല്‍ ഇങ്ങനെ പുസ്തകരൂപത്തില്‍ ഒരാളുടെയല്ലാതെയും പത്തൊ ഇരുപതൊ പേരെ ചേര്‍ത്തും പുസ്തകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്‍റെയൊന്നും കണക്ക് നമുക്ക് പരിശോധിക്കാന്‍ പോലും കഴിയുന്നില്ല.

എഴുതി തുടങ്ങുന്നവര്‍ക്ക് അവരുടെ രചനകള്‍ അച്ചടി മഷി പുരളാനും പുസ്തകമായി കാണാനും ഉത്സാഹമുണ്ടാവുക സ്വാഭാവികം. ഇത് മുതലെടുത്താണ് പുത്തന്‍ പുസ്തക പ്രസാധകര്‍ മുന്നോട്ട് വരുന്നത്. അവര്‍ മുന്നോട്ട് വയ്ക്കുന്നത് പണം മുടക്കിയാല്‍ ഞങ്ങള്‍ പുസ്തകമിറക്കിതരാം എന്ന വാഗ്ദാനവും ഒപ്പം പ്രലോഭനവും. പുസ്തക പ്രസാധനത്തെ കുറിച്ചോ കേവലം എഴുത്തിനെ കുറിച്ചോ വല്യ ധാരണകളൊന്നുമില്ലാത്ത പുതു എഴുത്തുകാര്‍ മഴപ്പാറ്റകളെ പോലെ അത്തരം ആളുകളുടെ പുറകെ പോവുക തന്നെ ചെയ്യും. പ്രത്യേകിച്ച് ഗള്‍ഫ് എഴുത്തുകാരാണ് എങ്കില്‍ പണത്തിന് വല്യ പഞ്ഞവും കാണില്ല. ചക്കരവാക്കുകള്‍ നിര്‍ലോഭം പുതു പ്രസാധകര്‍ നല്‍കുകയും ചെയ്യും.

പപ്പു പിള്ളയ്ക്ക് ആദ്യമായി കിട്ടിയ അന്യേഷണ റിപ്പോര്‍ട്ട് എന്തെന്ന് നോക്കാം.

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ എന്ന സ്ഥലത്ത് എ ബി സി എന്നൊരു മഹത്തായ സ്ഥാപനമുണ്ടെന്ന് കരയോഗത്തിലെ കവിത എഴുതുന്ന ഒരു മഹതിയെ ധരിപ്പിക്കുകയാണ് പുസ്തക പ്രസാധനരംഗത്ത് അതിനൂതനമെന്ന വിശേഷണത്തോടെ. ഇതിനു പാത്രമാകുന്നത് ബൂലോകത്തിലെ പരിചയം.  പരിചയം വളരുന്നതോടെ കവിത എഴുതുന്ന മഹതിക്ക് പുസ്തകം പ്രസിദ്ധീകരിച്ച് കൊടുക്കാമെന്ന വാഗ്ദാനം മുറുകി. അതിന് തളിപ്പറമ്പിലെ എ ബി സി ബുക്ക് 1000 കോപ്പി അച്ചടിച്ച് ഇറക്കാന്‍ ആവശ്യപ്പെട്ടത് 30000/ - ഇന്ത്യന്‍ രൂപ. കവയിത്രിക്ക് പുസ്തക പ്രസാധനത്തെക്കുറിച്ചോ വിതരണത്തെ കുറിച്ചൊ ചുക്കും ചുണ്ണാമ്പുമറിയില്ല. എ ബി സി തന്നെ സ്വന്തമായി വിതരണം ചെയ്യാം എന്ന വ്യവസ്ഥയോടെ പറഞ്ഞ തുക അടുത്ത ദിവസം തന്നെ ഗള്‍ഫ് കാരി കവയിത്രി അയച്ചു കൊടുക്കുന്നു. പബ്ലിഷര്‍ക്ക് ആനന്ദത്തിന് പിന്നെ എന്ത്. ആയിരമൊ പതിനായിരമോ പബ്ലിഷ് ചെയ്യാമെന്ന് പറഞ്ഞാലും ഗള്‍ഫ് കവയിത്രി വന്ന് നോക്കുമൊ എത്ര പുസ്തകം പ്രിന്‍ഡ് ചെയ്തു എന്ന്!!!!!

കൊട്ടിഘോഷിച്ച് 150/-രൂപ പോലും ചിലവില്ലാത്ത ഒരു ഉല്‍ഘാടന ചടങ്ങ് വയ്ക്കുന്നു. ചടങ്ങില്‍ കാശിന് വന്ന് പ്രസംഗിക്കുന്ന ആരെയും ഉള്‍പ്പെടുത്തിയില്ല.  സൌഹൃദത്തിന്റെ പേരില്‍ വിളിച്ചാല്‍ എന്നും ഓടി വരുന്ന പ്രിയപ്പെട്ട ഒന്ന് രണ്ട് കവി സുഹൃത്തുക്കളെ സ്ത്രീ കൂടിയായ പബ്ലിഷര്‍ വിളിക്കുന്നു. ചടങ്ങ് സംഘടിപ്പിക്കുന്നു.  ഇതാണ് പുസ്തക പ്രകാശനം, വിതരണം!!!!

1000 പുസ്തകം പ്രിന്‍ഡ് ചെയ്ത് പബ്ലിഷര്‍ പുസ്തകകെട്ടെടുത്ത് അടുക്കളയുടെ ഒരു മൂലയില്‍ സ്ഥാപിച്ചു. ഇടയ്ക്ക് കവയിത്രി ഒന്ന് ഫോണ്‍ ചെയ്തു.

ഹലോ.. ആ ചേച്ചീ എന്തൊക്കെ യുണ്ട് .. പുസ്തകങ്ങള്‍ വിതരണത്തിന് എവിടെയൊക്കെ കൊടുത്തു? എങ്ങിനെയൊക്കെയാണ് അറെഞ്ച്മെന്‍സ്? ദുബായിലൊക്കെ കിട്ടുമോ? എനിക്ക് ചില നല്ലസുഹൃത്തുക്കളുണ്ട് ചില ഗള്‍ഫ് രാജ്യങ്ങളിലും കാനഡ, അമേരിക്ക പോലുള്ള സ്ഥലങ്ങളിലും ഒക്കെയായി. അതു പോലെ നാട്ടിലും ചിലര്‍ ഉണ്ട്.

പബ്ലിഷര്‍: അത് പിന്നെ... നിങ്ങളൊക്കെ പുതിയ എഴുത്തുകാരല്ലേ അതുകൊണ്ട് തന്നെ പുസ്തകങ്ങള്‍ വിറ്റഴിയാന്‍ സമയമെടുക്കും. പിന്നെ ഞാന്‍ ഷോപ്പില്‍ ( ഷോപ്പ് എന്നത് ഒരു നോട്ട് പുസ്തകങ്ങള്‍ വില്‍ക്കുന പുസ്തക കട തളിപ്പറമ്പില്‍ ഉള്ളത്) വച്ചിട്ടുണ്ട്.  (ഫോണില്‍ ഒരു കുറുക്കന്റെ ചിരി കവയിത്രി കണ്ടില്ല)

സുഹൃത്തുക്കള്‍ക്ക് ഞാന്‍ പുസ്തകം അയച്ചു കൊടുക്കാം. പക്ഷെ വി പി പി ചാര്‍ജ്ജ് എനിക്ക് തരണം. ഒരു കാര്യം ചെയ്യ് 1500 രൂപ അയക്കൂ ഞാന്‍ പുസ്തകം അയക്കാന്‍ എര്‍പ്പാട് ചെയ്യാം. (കവയിത്രിക്ക് എന്തറിയാം. ഇങ്ങനെയൊന്നുമല്ലെന്ന് പറയാനൊന്നും ശീലമില്ലാത്ത പാവം കവയിത്രി!!!‌)

ചതിയുടെ കഥ ഇവിടം കൊണ്ട് അവസാനിക്കുന്നില്ല...

(തുടരും..)

NOTE: ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികള്‍ കുറ്റം സമ്മതിച്ച് വേണ്ട നടപടികള്‍ക്ക് തുനിയുന്നില്ല എങ്കില്‍ നിയമ നടപടികള്‍ക്ക് പുറമെ പേരും മറ്റ് വിലാസങ്ങളും പുതിയ സംരംഭങ്ങളും കരയോഗം പ്രസിഡന്റ് പപ്പു പിള്ള പ്രസിദ്ധീകരിക്കും എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളൂന്നു